Wednesday, November 7, 2012

Oru K. S. R. T. C. Yathra..!

ഒരു കെ. എസ്. ആര്‍. ടി. സി. യാത്ര..!

          താമരശ്ശേരി ചുരം...മ്മളെ താമരശ്ശേരി ചുരം-ന്ന്‍. അവിടെന്തോ ഉപരോധം...പിന്നൊന്നും നോക്കീല, വെസ്റ്റ്‌ ഹില്‍-ന്ന്‍ വണ്ടി കയറി കുറ്റ്യാടി എത്തി. പതിവുപോലെ ഫെയ്സ്ബുക്കില്‍ ചെക്ക്‌ ഇന്‍ ചെയ്തു-'ഹരിത്ത് വാസ് അറ്റ്‌ കുറ്റ്യാടി'. കുറ്റ്യാടി ബസ്‌ സ്റ്റാന്റില്‍ വൈകുന്നേരത്തെ തിരക്ക് കൊള്ളാം. ഏകദേശം 20 മിനുറ്റ് കഴിഞ്ഞപ്പോള്‍ അതാ വരുന്നു ഒരു നാടന്‍ മലയാളി കെ. എസ്. ആര്‍. ടി. സി. പെണ്‍കുട്ടി. ബസ്‌, സ്റ്റാന്റില്‍ എത്തിയിട്ടും ആളുകളൊന്നും എന്തേ തിരക്കു കൂട്ടാത്തത്-ന്ന്‍ ചിന്തിച്ച നേരം കൊണ്ട് ബസ്‌ എന്റെ മുന്നിലൂടെ കുറച്ച് അപ്പുറത്ത് കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ കൂടെ നടന്ന്‍ അവിടെത്തിയപ്പോഴേക്കും ഡോര്‍-നും എനിക്കും ഇടയില്‍ ഒരു 25 പേരെങ്കിലും ആയിട്ടുണ്ട്. ഒറ്റക്കായിരുന്നില്ല, ഇടത്തേ തോളില്‍ ലാപ്‌-ടോപ്‌ ബാഗ്‌, വലതു കൈയില്‍ പ്ളാസ്റ്റിക്ക് കവറില്‍ ബി. ടെക്-ന്റെ അവശിഷ്ടങ്ങള്‍ (പഴയ നോട്ട്ബുക്കുകള്‍). തിക്കിത്തിരക്കി ഉള്ളില്‍ കയറിയപ്പോ മനസിലായി ബാഗും കവറുമൊക്കെ കൈയില്‍ പിടിക്കാനുള്ളതായിരുന്നില്ല സീറ്റ് ബുക്ക്‌ ചെയ്യാന്‍ ഉപയോഗിക്കണമായിരുന്നു എന്ന്‍. സീറ്റില്‍ ഇരിക്കുന്നവരുടെയും കണ്ടക്ടറുടെയും ഉപദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് നടന്നു. മുന്നോട്ട്-ന്ന്‍ പറഞ്ഞാല്‍ അങ്ങ് മുന്നില്‍ തന്നെ-എഞ്ചിന്‍ ബോക്സും ഗിയര്‍ ലിവറും കഴിഞ്ഞാല്‍ പിന്നെ ഞാനായിരുന്നു.

          ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്-ന്ന്‍ പറഞ്ഞു കേട്ടിട്ടേയുള്ളൂ, അതനുഭവിച്ചത് ഡ്രൈവറെ കണ്ടപ്പോഴാണ്. കാക്കി പാന്റ്സും ഷര്‍ട്ടും ഒരു കറുത്ത തൊപ്പിയും, ആകെക്കൂടി ഒരു തറവാടി കെ. എസ്. ആര്‍. ടി. സി. ഡ്രൈവര്‍. അല്പം തടിച്ച ശരീരവും വെളുത്തു തുടങ്ങിയ താടി രോമങ്ങളും ഒക്കെക്കൂടി ആകെ ഒരു മരക്കാരൂട്ടി ചന്തം (കോഴിക്കോട് ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് എച്ച്. ഓ. ഡി. മരക്കാരൂട്ടി സാറിന്റെ ട്വിന്‍ ബ്രദര്‍ എന്നേ പറയൂ). ആളുകളുടെ തള്ളിക്കയറ്റവും കണ്ടക്ടറുടെ ചീത്തവിളിയും കഴിഞ്ഞപ്പോള്‍ മണി മുഴങ്ങി. ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു.

          മഴ ചാറിത്തുടങ്ങിയപ്പോള്‍ ഷട്ടറുകള്‍ ഒക്കെ താണു. ആളുകളുടെ ശ്രദ്ധ മുഴുവന്‍ ഡ്രൈവറിലേക്കും മുഴങ്ങുന്ന എഞ്ചിന്‍ ശബ്ദത്തിലേക്കും ഒതുങ്ങി. ആ സ്ടിയറിംഗ് വീല്‍ രണ്ടും മൂന്നും തവണ കറക്കി ഓരോ വളവിലും ബസിനെ തന്റെ വരുതിയില്‍ കൊണ്ടുവരുന്നത് കണ്ടാല്‍ ആരും പ്രണയിച്ചു പോകും ആ ഡ്രൈവറെ. പിന്നെ ആ ക്ളച്ചില്‍ കാലും ഗിയറില്‍ കൈയും കൊണ്ടുള്ള പ്രയോഗത്തില്‍ വരുതിയിലാകാത്ത ഏത് കെ. എസ്. ആര്‍. ടി. സി. കുട്ടികളാണ് കേരളത്തില്‍ ഉള്ളത്-ന്ന്‍ തോന്നിപ്പോയി.

          മഴ പെയ്തുതുടങ്ങിയപ്പോള്‍ മുതല്‍ക്ക് തന്നെ വൈപ്പര്‍ പണി തുടങ്ങിയിരുന്നു. ഇതിനു വേറെ ആരെക്കൊണ്ടും പറ്റില്ലല്ലോ എന്ന അഹങ്കാരം ഉണ്ടായിരുന്നു അതിന്റെ മൂളലിനു.

          അങ്ങനെ കുറ്റ്യാടി ചുരത്തിന്റെ വളവുകളും കോടമഞ്ഞിന്റെ തണുപ്പും കടന്ന്‍ തരുവണ എത്തിയപ്പോ സീറ്റ് കിട്ടി, ഭാഗ്യം. പിന്നെ രണ്ട് സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ നാലാം മൈല്‍ ഇറങ്ങി. കെ. എസ്. ആര്‍. ടി. സി.-യോട് യാത്ര പറഞ്ഞ് തിരിഞ്ഞപ്പോ ദേ വീണ്ടും വരുന്നു, മാനന്തവാടി-ബത്തേരി ടൌണ്‍ ടു ടൌണ്‍, ഒന്നും നോക്കീല ചാടിക്കയറി. വീണ്ടും കുറച്ചു നേരം കെ. എസ്. ആര്‍. ടി. സി.-ല്‍. പക്ഷേ ഇതു മറ്റേ നാടന്‍ കെ. എസ്. ആര്‍. ടി. സി. അല്ല കേട്ടോ...പുത്തന്‍...മലബാര്‍ വണ്ടി...

ഹരി...