Thursday, October 14, 2010

Bhraanth...!

ഭ്രാന്ത്...!

മനുഷ്യമനസുകളിലേക്ക് ഊളിയിടുമ്പോള്‍ പലപ്പോഴും കൈ

ചെന്ന്‍ തട്ടുന്നത് ഭ്രാന്ത് ഉറഞ്ഞുകൂടിയ ആ ശിലയില്‍ തന്നായിരിക്കും .

ചിലര്‍ക്കെങ്കിലും അതുരുകാന്‍ ആരംഭിച്ചിരിക്കണം .

പലര്‍ക്കും പല തരത്തില്‍ .

എനിക്കുമുണ്ട് ഭ്രാന്ത് . വിനയാന്വിതനായി പറഞ്ഞാല്‍

ഞാനും ഒരു കൊച്ചു ഭ്രാന്തനാണെന്ന് .

ഞാനതിനെ പ്രണയമെന്ന പേരിട്ടു വിളിക്കാനിഷ്ടപ്പെടുന്നു .

'ഇഷ്ടമാണ് പ്രണയിക്കാന്‍, പ്രകൃതിയെ, പൂക്കളെ, കഥകളെ, കവിതകളെ

പിന്നെ ചില മനുഷ്യരെയും' .

എന്നിരുന്നാലും പലപ്പോഴും എന്നോട് മനസ്

പറയും പ്രണയിക്കപ്പെടുന്നതാണ് അതിനേറെയിഷ്ടമെന്ന്.

പ്രണയിക്കയെ നമുക്ക് നിവൃത്തിയുള്ളൂ , പ്രണയിക്കപ്പെടേണ്ടത് ദൈവനിശ്ചയം .

എന്ത് പറഞ്ഞാലും എനിക്കുമുണ്ട് പ്രണയിനി . ഒന്നല്ല ഒരുപാട് .

1.

പൂത്തിരിയും പുഞ്ചിരിയും നിറയുന്ന വിഷു എന്റെ പ്രനയിനിയാണ് .

വൈദ്യുതീകരിച്ച്ച യന്ത്രങ്ങളും യന്ത്രസമാനനായ മനുഷ്യനും ഉള്ള

ആധുനിക വിഷുവല്ല .

കൊന്നപ്പൂവും കണിവെള്ളരിയും കൊച്ച് കാര്‍വര്‍ണനെയും കണികാണുന്ന

മലയാളത്തിന്റെ വിഷു .

ചുറ്റും കൂട്ടുകാരും കുടുംബക്കാരും കൊച്ച് തമാശകളും മനം നിറയ്ക്കുന്ന

സന്തോഷത്തിന്റെ വിഷു .

ഞാനവളെ പ്രണയിക്കുന്നു .

2.

അരുതെങ്കിലും എന്റെ പ്രണയം അവളില്‍ ഒതുങ്ങുന്നതല്ല .

നിഷ്കളങ്കമായ പുഞ്ചിരിയാല്‍ പൂക്കളെന്നെ മോഹിപ്പിക്കാറുണ്ട് .

ചെമ്പകം -അവരില്‍ നിന്നും ഞാന്‍ തിരഞ്ഞെടുത്ത എന്റെ കാമുകി .

അവളുടെ നിറവും സുഗന്ധവും എന്റെ സിരകളില്‍ ഭ്രാന്ത് നിറയ്ക്കുന്നു .

നിഷ്കളങ്കത എന്നെടുത്തുപറഞ്ഞേ പറ്റൂ അവളുടെ മുഖഭാവത്തെ .

ആശയടങ്ങാതൊരുനാള്‍ ഞാനവളെ കടന്നുപിടിച്ചിരിക്കാം .

ഇല്ലിനിയൊരിക്കലും ആ കുഞ്ഞു പൂവിനെ , എന്റെ പ്രണയിനിയെ

ഞാന്‍ നോവിക്കില്ല .


ഹരി...

Sunday, July 25, 2010

Njaanumenmuttathe thulasippoovum...!

ഞാനുമെന്‍മുറ്റത്തെ തുളസിപ്പൂവും...!


ഞാന്‍ പിറന്നനാളൊരു തുളസിത്തൈ

എന്‍ വീടിന്നങ്കണത്തില്‍ എന്നമ്മ നട്ടു

ദിനവുമെന്‍ കണിയായ് അതുവളര്‍ന്നു

ഞാന്‍ വളര്‍ന്നെന്‍ ബാല്യമാഘോഷിക്കെ

എന്നങ്കണത്തിലത് പൂത്തുനിന്നു

എന്നുമെന്‍ ജീവിത പങ്കാളിയാകാന്‍

ആ കുഞ്ഞു തുളസിപ്പൂ ആഗ്രഹിക്കെ

ഒരു നാള്‍ എന്‍ കൌമാരവേളയൊന്നില്‍

ദൈവമെന്‍ മനമതില്‍ നിന്നെ നല്‍കി

പിന്നെ ഞാനാ പൂ മറന്നിരിക്കാം

വീണ്ടുമെന്‍ യൌവന ജീവിതത്തില്‍

നീ എന്‍ വധുവായ് വന്നണയുമെങ്കില്‍

നിന്‍ വാര്‍മുടിക്കെന്നുമഴകായ്

ആ കുഞ്ഞു പൂവിനെ ചേര്‍ക്കുകില്ലേ...


ഹരി...

Saturday, June 12, 2010

Aa Saayaahnam...!

ആ സായാഹ്നം ...!

അന്നൊരു രണ്ടാം ശനിയാഴ്ചയായിരുന്നു . പതിവില്ലാതെ മൊബൈല്‍ ഫോണ്‍ ബാഗില്‍ വച്ച് സ്പെഷ്യല്‍ ക്ലാസിനെ പഴിച്ചുകൊണ്ട് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങി . സൂര്യകിരണമേറ്റ് വെട്ടിത്തിളങ്ങുന്ന മഞ്ഞുതുള്ളികളെ കിരീടമാക്കിച്ചാര്ത്തിയ പുല്‍ക്കൊടികളുടെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട് ആ ഇടവഴിയിലൂടെ അവന്‍ നടന്നു . റോഡിലെത്തിയ ഉടനെ ഫോണെടുത്ത് സന്തോഷത്തോടെ ആരെയോ വിളിച്ചു . സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയില്‍ അമ്മവീട് എത്തിയത് അവന്‍ ശ്രദ്ധിച്ചു . പെട്ടന്ന്‍ ബൈ പറഞ് ഫോണ്‍ കട്ട്‌ ചെയ്തു . അമ്മവീട്ടില് കയറി , ചാച്ചിയോട് (അമ്മയുടെ സഹോദരി ) ഇന്നൊരു സംഗതി നടക്കും എന്ന മുന്നറിയിപ്പ് നല്‍കി . പുഞ്ചിരിക്കുന്ന മുഖമോടെ അവന്‍ സ്കൂളിലേക്ക് നടന്നു . പതിവ് കൂട്ടുകാര്‍ കവലയില്‍ കാത്തുനില്പുണ്ടായിരുന്നു . രണ്ടാം ശനിയാഴ്ചയാണെന്ന് വീണ്ടുമവന്‍ ഓര്‍ത്തത് തിരക്കില്ലാത്ത ആ ബസ് കണ്ടപ്പോഴാണ് . അങ്ങനെ സ്കൂളിലെത്തി , ഫ്രണ്ട്സിനോട് സംസാരിക്കുന്നതിനിടയില്‍ വിശാലും ജോമിയും കടന്നുവരുന്നത്തവന്‍ കണ്ടു . പെട്ടന്നങ്ങോട്ട് നടന്നു . മൂവരും ക്ലാസില്‍ കയറി എന്തൊക്കെയോ പിരുപിരുത്തു , എന്തോ ഒന്ന്‍ തീരുമാനമായത്പോലെ .

പ്രിയപ്പെട്ട അദ്ധ്യാപകന്റെ ക്ലാസായിരുന്നെങ്കില്‍ പോലും ' വേഗം കഴിഞ്ഞിരുന്നെങ്കില്‍ ' എന്നായിരുന്നു അവന്റെ മനസ് മന്ത്രിച്ചത് . ക്ലാസില്‍ ഇരിക്കുമ്പോഴും മനസ് മറ്റെവിടെയോ ആയിരുന്നു , ആരെയോ തേടി , അകലെ ...
അല്‍പനേരം കഴിഞ്ഞപ്പോള്‍ ഒരു ഇന്റര്‍വെല്‍ കിട്ടി . മൂവരും കൂടി ലൈബ്രറിയിലേക്ക് നടന്നു , അപ്പോഴും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു . ബാഗില്‍ നിന്നെടുത്ത മൊബൈല്‍ ഫോണ്‍ അവന്റെ പാന്റിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നു . അതെടുത്ത് നോക്കിയപ്പോള്‍ അവന്റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു . ചില മെസ്സേജുകള്‍ അവനും കൂട്ടുകാരും കൂടി വായിച്ചു . എന്തോ ഒന്ന്‍ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനപോലെ . ക്ലാസ് തുടര്‍ന്നു . പ്ലസ്ടു മാത്തമാടിക്സിന്റെ അവസാന ക്ലാസുകളില്‍ ഒന്ന്‍ . അവന്‍ ആഗ്രഹിച്ചതുപോലെ ഉച്ചയായപ്പോള്‍ ക്ലാസ് തീര്‍ന്നു . വിശാലിനെയും ജോമിയെയും തീരുമാനം ഒന്നുകൂടെ ഓര്‍മ്മിപ്പിച്ച്ചുകൊണ്ട് തിരക്കുപിടിച്ച് അവന്‍ വീട്ടിലെത്തി . ഭക്ഷണം കഴിച്ചു , വേഷം മാറി . കണാടിയോട് സംസാരിച്ചു . തിരക്കൊട്ടും കുറയാതെ എങ്ങോട്ടോ പോകയാണ് . പാതിവഴിയില്‍ ജോമിയെ വിളിച്ച് പുരപ്പെട്ടെന്ന്‍ പറഞ്ഞു . ടൌണില്‍ എത്തി . പള്ളിപ്പെരുന്നാളിന്റെ ബഹളം അവന്‍ ശ്രദ്ധിച്ചില്ല . മുന്നോട്ട് നടന്നു . അച്ചനെ കണ്ട് , ഒരിടം വരെ പോകയാണെന്ന് പറഞ്ഞു .

ജോമി വന്നു . അവര്‍ ബസില്‍ കയറി , ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . മറ്റൊന്നിലും ശ്രദ്ധിക്കാന്‍ മനസനുവദിക്കുന്നില്ലായിരുന്നിരിക്കാം . അല്പനേരത്തെ യാത്രക്ക് ശേഷം അവര്‍ ടൌണിനു മധ്യത്തില്‍ ചെന്നിറങ്ങി . പിന്നീട് വിശാലിനെ തേടി ഇന്റര്‍നെറ്റ് കഫെയില്‍ ചെന്നു . പറഞ്ഞുറപിച്ചതുപോലെ വിശാല്‍ അവിടെത്തന്നെ ഉണ്ടായിരുന്നു . പിന്നെ കുറെ നേരം അവിടെ ... അപ്പോഴും മൊബൈലില്‍ മെസ്സേജുകളും മിസ്സ്ഡ് കോളുകളും ഇടക്കിടെ വരുന്നുണ്ടായിരുന്നു . അവര്‍ ആരെയോ പ്രതീക്ഷിക്കുന്നതുപോലെ തോന്നി . ഒരു മണിക്കൂര്‍ കാത്തുനിന്ന സൂര്യന്‍ പതിയെ മറയാന്‍ ആരംഭിച്ചിരുന്നിരിക്കാം . പെട്ടന്ന്‍ അവന്റെ മൊബൈലില്‍ ഒരു മെസ്സേജ് കൂടി വന്നു . അത് കണ്ടയുടനെ അവര്‍ അവിടെനിന്നും ധ്രതിയില്‍ പുറത്തിറങ്ങി . ചെറിയ ഒരു പേടി മുഖത്തുണ്ടായിരുന്ന പോലെ .

മറ്റൊനും ചിന്തിക്കാതെ ജോമി മുന്‍പേ ഓടാന്‍ തുടങ്ങി . ധ്രതിയില്‍ അവനും , പിന്നാലെ വിശാലും ഓടി . വഴിയില്‍ മുന്‍പേ വന്ന ഒരു ചേച്ചിയെ ഇടിച്ചു ഇടിച്ച്ചില്ലെന്ന മട്ടില്‍ ജോമി ഓടി . പിന്നാലെ അവരും . ഓടുന്നതിനിടയില്‍ അവന്റെ ഫോണ്‍ റിംഗ് ചെയ്യുന്നതവനറിഞ്ഞു . അവന്‍ ധ്രതിയില്‍ എന്തൊക്കെയോ ഫോണിലൂടെ സംസാരിച്ചു . ഓടി ഓടി റോഡ്‌ ക്രോസ് ചെയ്ത് അവര്‍ അവിടെ എത്തി , അപ്പോള്‍ അവനായിരുന്നു മുന്‍പില്‍ .

ഒരു ചെറു പുഞ്ചിരിയോടെ അവന്‍ നോക്കി . ചേച്ചിക്കും അമ്മക്കുമരികെ വിസ്മയത്തോടെ നില്‍ക്കുന്ന അവളുടെ മുഖം അന്നാദ്യമായവന്‍ കണ്ടു . ജീവിതത്തിലെ മറക്കാനാവാത്ത സായാഹ്നമാണിത് എന്നവന്റെ മനസ് മന്ത്രിച്ചു . പിന്നീടെല്ലാവരോടും സംസാരിച്ചു . അച്ചന്‍ , അമ്മ , ചേച്ചി , അനിയന്‍ പിന്നെ അവള്‍ . മനസിലുള്ളതൊന്നും പറയാനാവാതെ നിസ്സഹായനായി നിന്ന നിമിഷം അവള്‍ യാത്ര പറഞ്ഞു പോകാനൊരുങ്ങി .... പെട്ടന്ന്‍ ലഭിച്ച നൈമിഷികമായ ആ സന്തോഷത്തെ , കണ്ടുമുട്ടലിനെ മനസ്സില്‍ താലോലിച്ചുകൊണ്ട് അവന്‍ യാത്ര പറഞ്ഞു . അവള്‍ പോയി ... ആ മുഖം മനസ്സില്‍ പതിയാന്‍ ഒരു നിമിഷം തന്നെ അധികമാണെന്നോര്ത്തുകൊണ്ട് അവന്‍ തിരികെ നടന്നു . മനസ്സില്‍ അപ്പോഴും ഒരു തിരയടി ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു ....


ഹരി...

Friday, June 4, 2010

Neeyum Maunavum...!

നീയും മൌനവും !

ആദ്യത്തെ കാഴ്ചയില്‍
നീ മൌനത്തെ ആഗ്രഹിക്കുന്നു

പിന്നീട് കണ്ടപ്പോള്‍
നീ മൌനത്തെ ഓര്‍ക്കുന്നു

വീണ്ടും കണ്ടനാള്‍
നീ മൌനത്തെ പ്രണയിക്കുന്നു

അവസാനം കാണുമ്പോള്‍
നീ മൌനത്തെ വരിക്കുന്നു

ഇനി നാം കാണുമോ
നീ മൌനത്തിലലിയുകയാണ് .

ഹരി...

Saturday, May 8, 2010

Njaanum Neeyum...!

ഞാനും നീയും...!


പളുങ്കുകള്‍ എനിക്കിഷ്ടമാണ്
നീ ഇഷ്ടപെട്ടത് കരിങ്കല്ലുകലാണ്

ഞാന്‍ പളുങ്കുകള്‍ ശേഖരിച്ചു
നീ കരിങ്കല്ലുകള്‍ കൂട്ടി വെയ്ക്കയാണ്

നമുക്കായി ഞാന്‍ പളുങ്ക് കൊട്ടാരമുയര്‍ത്തി
നിനക്ക് മാത്രമായി നീ കരിങ്കല്‍ തടവറ നിര്‍മിച്ചു

എന്‍ കൊട്ടാരവാതില്‍ നിനക്കായ് ഞാന്‍ തുറന്നിട്ടു
നീ നിന്‍ വാതിലഴികള്‍ക്കുരപ്പെകയാണ്

ഞാനെന്‍ വാതില്‍ക്കല്‍ നിന്നെയും കാത്തിരുന്നു
നീ നിന്‍ തടവറ തന്നില്‍ ബന്ധനസ്ഥയായി

ഞാന്‍ എന്‍ തുറന്ന വാതിലിന്‍ താക്കോല്‍ എങ്ങോ കളഞ്ഞു
നീ നിന്‍ വാതിലഴികള്‍ ചേര്‍ത്ത് വിളക്കി

ഞാന്‍ തേടുന്നു നിന്നെ ഈ ഭൂമിയില്‍
നീ നിന്‍ കല്തുരുങ്കില്‍ , ആരുമറിയാതെ...

ഹരി...

Thursday, April 8, 2010

Maanikyam...!

മാണിക്യം...!

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആ മാണിക്യം അവനു ലഭിച്ചത്. അന്ന്, ആ വൈകുന്നേരം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അവന്‍ നടന്നത് ആ മാണിക്യം തേടിതന്നെയാണ്‌. അതിരില്ലാത്ത സന്തോഷത്തോടെ അത് ചെന്ന് കാണുമ്പോള്‍ അവന്‍ അതൊരു തുടക്കമായെ കരുതിയുള്ളു, അങ്ങനെ ആകാനെ ഇഷ്ടപെട്ടുള്ളൂ. അവന്‍ ആ മാണിക്യത്തെ എടുത്തു മനസ്സില്‍ പ്രതിഷ്ടിക്കാനോരുങ്ങവേ എങ്ങിനയോ അതിന്റെ തിളങ്ങുന്ന വര്‍ണം പാതിമങ്ങുന്നതവനറിഞ്ഞു. അവന്റെ മനസ്സില്‍ എത്തുന്നതിനു മുന്‍പേ അത് മങ്ങുവാന്‍ തുടങ്ങയാണോ?

നിറം മങ്ങിയ മാണിക്യത്തെ മനസിലോര്‍കാന്‍ കൂടി അവനു വിഷമമാണ്. എന്നും തിളങ്ങുന്ന, തന്റെ ജീവിതം കൂടി തിളക്കമാര്‍ന്നതാക്കേണ്ട ആ മാണിക്യം തന്റെ തെറ്റ് കൊണ്ട് മങ്ങിപോകാന്‍ അവനാഗ്രഹിച്ചില്ല, അവനു കഴിയുമായിരുന്നില്ല. പിടിച്ചു പരിചെടുക്കലല്ലല്ലോ... ഒന്നും! അവന്‍ അതിനോട് യാത്ര പറഞ്ഞു, കൈവീശി പതിയെ പിന്നോട്ട് നടന്നു. അത് തന്റെ തിളങ്ങുന്ന മുഖത്തോടെ യാത്രയായി...ഇനി ഈ ജന്മമൊരു കണ്ടുമുട്ടല്‍, കൂടിച്ചേരല്‍ അസാധ്യമെന്നു വേദനയോടെ ഓര്‍ത്തുകൊണ്ട്‌...

മടങ്ങും വഴി അവനെ തളര്ത്തിയത് പാതി പങ്ങിയ ആ മുഖമായിരുന്നു. അതിനെ മാത്രം ഓര്‍ത്തു കൊണ്ട് കടന്നു പോയ ആ ഒരു വര്ഷം അവന്‍ അറിയാതിരിക്കില്ലല്ലോ... ഒര്കാതിരിക്കില്ലല്ലോ... അപ്പോഴും എങ്ങുനിന്നോ അവന്റെ മാണിക്യം, അവന്‍ കാണാതെ, അവനെ കാണാതെ ചിരിക്കുന്നുണ്ടായിരുന്നു...

കാലം പിന്നെയും മുന്നോട്ടു കുതിച്ചു... അവനിന്ന് ഒരു യാത്ര നിര്‍ബന്ധമായിരിക്കുന്നു. ജീവിതം അവനോടു യാത്രക്കൊരുങ്ങാന്‍ നിര്‍ബന്ധിക്കയായിരുന്നു. അവന്റെ ലക്ഷ്യങ്ങള്‍ ബാലിശമായിരുന്നിരിക്കണം. നാടോടിയപ്പോള്‍ നടുവേ അവനും. എന്നാല്‍ ദൈവത്തിനെന്തോ അതിഷ്ടപെട്ടില്ലെന്നു തോന്നുന്നു. അത് അവന്റെ മനസ്സില്‍ ചോദ്യമായി, മടങ്ങുന്നോ? പുതിയ തീരുമാനത്തില്‍ സ്വന്തം ജീവിതം രചിക്കാനാരംഭിക്കുന്നതാകട്ടെ ഈ യാത്ര, അത് പാഴാക്കിക്കളയാനുല്ലതല്ല. പിന്നീട് ചിന്തിച്ചത് തന്നെ നോക്കിച്ചിരിച്ചു യാത്ര പറഞ്ഞ തന്റെ മാണിക്യത്തെ പറ്റി. അവന്‍ അത് നിശ്ചയിച്ചു.

അവന്‍ തിരഞ്ഞെത്തി. ഒരുപാട് സ്വപ്നങ്ങളുമായി തിളങ്ങുന്ന മാണിക്യം അവനു മുന്നില്‍ സ്നേഹ സാഗരം തീര്‍ത്തു. അതിനിഷ്ടമാണ് തിളങ്ങാന്‍, അവന്റെ ജീവിതത്തില്‍ തിളക്കം പകരാന്‍, എന്നാല്‍ അതിനുള്ളില്‍ ഏതോ ഒരു കരടുണ്ടായിരുന്നിരിക്കണം. തിളങ്ങുമ്പോള്‍ അത് തെളിഞ്ഞു കാണും. തിളക്കത്തെക്കാള്‍ ആ കരടല്ലേ എല്ലാവരും കാണുക, അവനും അതല്ലേ കണ്ടത്.

അവന്‍ കാണുമ്പോഴൊക്കെ മാണിക്യം തിളങ്ങും, കരടു തെളിയും. അവനതിഷ്ടമല്ല. ഒരിക്കലും തന്റെ മാണിക്യത്തില്‍ ഒരു കരടു കാണാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല. മാണിക്യം കരടില്ലാതെ തെളിഞ്ഞു കാണുക അവന്റെ ജീവിതാഭിലാഷമാണ്.

കാലചക്രം വീണ്ടും മോന്നോട്ടു... വര്‍ഷം രണ്ടുകൂടി കഴിയുന്നു. അവന്‍ കാണുന്നു, മാണിക്യം തെളിയുന്നു. ഇടയ്ക്കു ആ കരടു ചെറുതായി ഇല്ലാതായും ഇടക്കതു വലുതായി തെളിഞ്ഞും നില്‍ക്കും. മാണിക്യം പറയാറുണ്ടായിരുന്നു-തെളിയാനിഷ്ടമാണ്, തിളക്കമെകാനും എന്നാലും ഒരു കരടെപ്പോഴും അതില്‍ തടസമാണ്.

പിന്നീടവന്‍ തിളക്കമാവശ്യപ്പെടാറില്ല. വേണ്ടാത്തതിനാലല്ല, മറുപടി ആദ്യമേ ലഭിച്ചതിനാല്‍ .

ഇന്നിപ്പോള്‍ അവനോടൊപ്പം പ്രകാശിക്കുമ്പോള്‍ അങ്ങനൊരു കരടു ഉള്ളതായി തോന്നുന്നില്ല. അതവന്‍ സ്നേഹിചില്ലാതാക്കിയതാവാം. അവനിപ്പോള്‍ ആ തിളക്കത്തില്‍ അലിയുന്നു, ആഘോഷിക്കുന്നു, ആഹ്ളാദിക്കുന്നു... ഇനിയാ കരടു ഇല്ലാതിരിക്കാന്‍ മനമുരുകി പ്രാര്‍ഥിക്കുന്നു. ഈശ്വരന്‍ അവരോടൊപ്പമാണ്, അവനും മാണിക്യവും, പിന്നെ ദൈവവും...!

ഹരി...