Saturday, June 18, 2011

Lokam...!

ലോകം...!

ഏറിയാൽ മുപ്പത് അത്രേ ഉള്ളൂ അയാൾക്ക് പ്രായം. ഒരു റെക്കോഡ് പുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി എടുക്കാനാണു ഞാൻ അവിടെ ചെന്നത്. ‘ഫോട്ടോസ്റ്റാറ്റ്’ എന്നു ഞാൻ പറഞ്ഞപ്പോഴും അയാൾ ചെയ്തിരുന്ന ജോലിയിൽ വ്യാപൃതനായിരുന്നു. ഞാൻ പറഞ്ഞത് അയാൾ കേട്ടു എന്ന് എനിക്കുറപ്പുണ്ടായിരുന്നതുകൊണ്ട് വീണ്ടും പറഞ്ഞില്ല.

അയാളുടെ ജോലി വാച്ച് റിപ്പയറിംഗ് ആണു. കൈകളിൽ ചെറിയ ചില ഉപകരണങ്ങൾ, എന്തോ ഒന്ന് ഉറപ്പിക്കുന്നു. ഞാൻ ആ മുറിയിലേക്ക് നോക്കി, ത്രികോണാകൃതിയിലാണു ആ മുറി. ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയാളുടെ മേശ, മേശമേൽ കുറേ ഉപകരണങ്ങൾ, ഒരു കസേര, ഒരു സ്റ്റൂൾ പിന്നെ അയാളും അതു നിറഞ്ഞു. ദിനവും ഈ മുറിയിലാണു അയാളുടെ പകൽ. എത്രമാത്രം ചെറുതാണു അയാളുടെ ലോകം. അയാൾക്ക് കൂട്ടിനു അവിടെ കുറച്ചു ക്ലോക്കുകൾ മാത്രം. അതിൽ ചിലത് പ്രവർത്തിക്കുന്നില്ല. ചിലതിനു സൂചികളും മറ്റുചിലതിനു ചില്ലും ഇല്ല. കുറേയെണ്ണം പൊടിപിടിച്ച് കറുത്തിരിക്കുന്നു. ഈ അപൂർണതകൾക്കിടയിൽ അയാളുടെ ജീവിതവും അത്തരത്തിലായിത്തുടങ്ങിയിരിക്കില്ലേ...

വീണ്ടും ചെറുതാവുകയാണു അയാളുടെ ലോകം, ഒരു വാച്ചിനുള്ളിലേക്ക്. എത്ര കാര്യക്ഷമതയോടെയാണു അയാൾ ആ ജോലി ചെയ്യുന്നത്, അല്ലെങ്കിൽ ചെയ്യേണ്ടത്.

അയാൾ എന്നെ നോക്കി. ഞാൻ പറഞ്ഞുകൊടുത്തു, ഏതൊക്കെ പേജുകൾ വേണമെന്ന്. അയാൾ പുസ്തകം വാങ്ങി, മെഷീൻ ഓൺ ചെയ്ത് ജോലി തുടങ്ങി.

ഞാൻ എപ്പഴോ അയാളെയും ശ്രദ്ഡിക്കാൻ തുടങ്ങി. മീശയും താടിരോമങ്ങളുമെല്ലാം പേരിനേ ഉള്ളൂ, ഉള്ളത് അയാളെ അനുസരിക്കാറുമില്ല എന്ന് തോന്നി. അയാളുടെ പേരു ചോദിക്കാനാണു ആദ്യം തോന്നിയത്, പിന്നെന്തേ വേണ്ടന്ന് വച്ചു..?!

അയാൾ പുസ്തകം തിരികേ തന്നു. ഞാൻ പണം കൊടുത്തു, ബാക്കി വാങ്ങിച്ചു. മടങ്ങുമ്പോഴും ആ ചെറിയ ലോകത്തിലായിരുന്നു ഞാൻ...



ഹരി...