Thursday, April 8, 2010

Maanikyam...!

മാണിക്യം...!

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആ മാണിക്യം അവനു ലഭിച്ചത്. അന്ന്, ആ വൈകുന്നേരം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അവന്‍ നടന്നത് ആ മാണിക്യം തേടിതന്നെയാണ്‌. അതിരില്ലാത്ത സന്തോഷത്തോടെ അത് ചെന്ന് കാണുമ്പോള്‍ അവന്‍ അതൊരു തുടക്കമായെ കരുതിയുള്ളു, അങ്ങനെ ആകാനെ ഇഷ്ടപെട്ടുള്ളൂ. അവന്‍ ആ മാണിക്യത്തെ എടുത്തു മനസ്സില്‍ പ്രതിഷ്ടിക്കാനോരുങ്ങവേ എങ്ങിനയോ അതിന്റെ തിളങ്ങുന്ന വര്‍ണം പാതിമങ്ങുന്നതവനറിഞ്ഞു. അവന്റെ മനസ്സില്‍ എത്തുന്നതിനു മുന്‍പേ അത് മങ്ങുവാന്‍ തുടങ്ങയാണോ?

നിറം മങ്ങിയ മാണിക്യത്തെ മനസിലോര്‍കാന്‍ കൂടി അവനു വിഷമമാണ്. എന്നും തിളങ്ങുന്ന, തന്റെ ജീവിതം കൂടി തിളക്കമാര്‍ന്നതാക്കേണ്ട ആ മാണിക്യം തന്റെ തെറ്റ് കൊണ്ട് മങ്ങിപോകാന്‍ അവനാഗ്രഹിച്ചില്ല, അവനു കഴിയുമായിരുന്നില്ല. പിടിച്ചു പരിചെടുക്കലല്ലല്ലോ... ഒന്നും! അവന്‍ അതിനോട് യാത്ര പറഞ്ഞു, കൈവീശി പതിയെ പിന്നോട്ട് നടന്നു. അത് തന്റെ തിളങ്ങുന്ന മുഖത്തോടെ യാത്രയായി...ഇനി ഈ ജന്മമൊരു കണ്ടുമുട്ടല്‍, കൂടിച്ചേരല്‍ അസാധ്യമെന്നു വേദനയോടെ ഓര്‍ത്തുകൊണ്ട്‌...

മടങ്ങും വഴി അവനെ തളര്ത്തിയത് പാതി പങ്ങിയ ആ മുഖമായിരുന്നു. അതിനെ മാത്രം ഓര്‍ത്തു കൊണ്ട് കടന്നു പോയ ആ ഒരു വര്ഷം അവന്‍ അറിയാതിരിക്കില്ലല്ലോ... ഒര്കാതിരിക്കില്ലല്ലോ... അപ്പോഴും എങ്ങുനിന്നോ അവന്റെ മാണിക്യം, അവന്‍ കാണാതെ, അവനെ കാണാതെ ചിരിക്കുന്നുണ്ടായിരുന്നു...

കാലം പിന്നെയും മുന്നോട്ടു കുതിച്ചു... അവനിന്ന് ഒരു യാത്ര നിര്‍ബന്ധമായിരിക്കുന്നു. ജീവിതം അവനോടു യാത്രക്കൊരുങ്ങാന്‍ നിര്‍ബന്ധിക്കയായിരുന്നു. അവന്റെ ലക്ഷ്യങ്ങള്‍ ബാലിശമായിരുന്നിരിക്കണം. നാടോടിയപ്പോള്‍ നടുവേ അവനും. എന്നാല്‍ ദൈവത്തിനെന്തോ അതിഷ്ടപെട്ടില്ലെന്നു തോന്നുന്നു. അത് അവന്റെ മനസ്സില്‍ ചോദ്യമായി, മടങ്ങുന്നോ? പുതിയ തീരുമാനത്തില്‍ സ്വന്തം ജീവിതം രചിക്കാനാരംഭിക്കുന്നതാകട്ടെ ഈ യാത്ര, അത് പാഴാക്കിക്കളയാനുല്ലതല്ല. പിന്നീട് ചിന്തിച്ചത് തന്നെ നോക്കിച്ചിരിച്ചു യാത്ര പറഞ്ഞ തന്റെ മാണിക്യത്തെ പറ്റി. അവന്‍ അത് നിശ്ചയിച്ചു.

അവന്‍ തിരഞ്ഞെത്തി. ഒരുപാട് സ്വപ്നങ്ങളുമായി തിളങ്ങുന്ന മാണിക്യം അവനു മുന്നില്‍ സ്നേഹ സാഗരം തീര്‍ത്തു. അതിനിഷ്ടമാണ് തിളങ്ങാന്‍, അവന്റെ ജീവിതത്തില്‍ തിളക്കം പകരാന്‍, എന്നാല്‍ അതിനുള്ളില്‍ ഏതോ ഒരു കരടുണ്ടായിരുന്നിരിക്കണം. തിളങ്ങുമ്പോള്‍ അത് തെളിഞ്ഞു കാണും. തിളക്കത്തെക്കാള്‍ ആ കരടല്ലേ എല്ലാവരും കാണുക, അവനും അതല്ലേ കണ്ടത്.

അവന്‍ കാണുമ്പോഴൊക്കെ മാണിക്യം തിളങ്ങും, കരടു തെളിയും. അവനതിഷ്ടമല്ല. ഒരിക്കലും തന്റെ മാണിക്യത്തില്‍ ഒരു കരടു കാണാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല. മാണിക്യം കരടില്ലാതെ തെളിഞ്ഞു കാണുക അവന്റെ ജീവിതാഭിലാഷമാണ്.

കാലചക്രം വീണ്ടും മോന്നോട്ടു... വര്‍ഷം രണ്ടുകൂടി കഴിയുന്നു. അവന്‍ കാണുന്നു, മാണിക്യം തെളിയുന്നു. ഇടയ്ക്കു ആ കരടു ചെറുതായി ഇല്ലാതായും ഇടക്കതു വലുതായി തെളിഞ്ഞും നില്‍ക്കും. മാണിക്യം പറയാറുണ്ടായിരുന്നു-തെളിയാനിഷ്ടമാണ്, തിളക്കമെകാനും എന്നാലും ഒരു കരടെപ്പോഴും അതില്‍ തടസമാണ്.

പിന്നീടവന്‍ തിളക്കമാവശ്യപ്പെടാറില്ല. വേണ്ടാത്തതിനാലല്ല, മറുപടി ആദ്യമേ ലഭിച്ചതിനാല്‍ .

ഇന്നിപ്പോള്‍ അവനോടൊപ്പം പ്രകാശിക്കുമ്പോള്‍ അങ്ങനൊരു കരടു ഉള്ളതായി തോന്നുന്നില്ല. അതവന്‍ സ്നേഹിചില്ലാതാക്കിയതാവാം. അവനിപ്പോള്‍ ആ തിളക്കത്തില്‍ അലിയുന്നു, ആഘോഷിക്കുന്നു, ആഹ്ളാദിക്കുന്നു... ഇനിയാ കരടു ഇല്ലാതിരിക്കാന്‍ മനമുരുകി പ്രാര്‍ഥിക്കുന്നു. ഈശ്വരന്‍ അവരോടൊപ്പമാണ്, അവനും മാണിക്യവും, പിന്നെ ദൈവവും...!

ഹരി...